Thursday, January 21, 2021

Indo Pak Love

 റാഡ്ക്ലീഫ് നിർമ്മിതമായ അതിർത്തി പൊട്ടിച്ചെറിയാൻ വിദേശഗമനം നമ്മെ കുറച്ചെങ്കിലും സഹായിക്കുമെന്നുള്ള കാര്യത്തിൽ തർക്കമില്ല. പ്രവാസികളായ സിന്ധികൾ ( Regardless of their religion and nationality ) ഒരുമിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്, ഹലാലോ ഹറാമോ എന്ന് നോക്കാതെ വരുണ ദേവന്റെ അവതാരമായ ജൂലേലാലിനു ( ഷാഹ്ബാസ് കലന്തർ )  നേദിച്ച സിന്ധി പലഹാരങ്ങൾ മൂക്കുമുട്ടെ കഴിക്കുന്ന പാക്കിസ്ഥാനികളും ധാരാളം.  അനൗദ്യോഗികമായി ഇന്തോ-പാക്ക് വാണിജ്യവും, വ്യക്തിബന്ധങ്ങൾ ദൃഢമാക്കുന്നതിലും അറബ് രാഷ്ട്രങ്ങൾ, വിശിഷ്യ UAE വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്.


2014 ൽ എകറ്ററിൻബർഗിൽ ജോലി ചെയ്യുന്ന ഒരു മലയാളി സുഹൃത്തിനോടൊപ്പം മോസ്കോവിലെ ഇന്ത്യൻ എംബസിയിൽ പോകാനിടയായി. ചേരി ചേരായ്മയിലൂന്നി സോവ്യറ്റ് യൂണിയൻ ഭാഗത്തേക്ക് ചാഞ്ഞ നെഹ്റൂവിയൻ ന യതന്ത്രത്തിന്റെ തിരുശേഷിപ്പുക്കൾ പുട്ടിനിലെത്തിനിൽക്കുന്ന റഷ്യൻ ഫെഡറേഷനിലെ ഇന്ത്യൻ എംബസി ഇപ്പോഴും കാണാം , ഹിന്ദീ - റൂസ്സീ സാംസ്കാരിക സൈനിക സഹകരണത്തിനു ചുക്കാൻ പിടിക്കുന്നിടം.


എങ്കിലും എംബസിയിലെ കാര്യങ്ങൾ മുറപോലെ തന്നെ, ഹിന്ദി മാത്രം സംസാരിക്കുന്ന ഗോസായി മാർ തന്നെ കൗണ്ടറിൽ ( അകത്ത് മലയാളി ഉദ്യോഗസ്ഥരുണ്ടെന്ന് ' കറണ്ട് ' പറഞ്ഞിരുന്നു ), സുഹൃത്തിന്റെ പാസ്പോർട്ട് റിന്യൂ ചെയ്തിട്ടുണ്ട് , പക്ഷേ വൈക്കീട്ടേ ഗോസായി കൈയിൽ തരൂ, എന്തു കൊണ്ടാണെന്ന് ചോദിക്കരുത് , ഏതോ സായിപ്പ് പറഞ്ഞതു പോലെ 'even waiting in queue is a fine art for Indians."


പുറത്ത് പൂജ്യത്തിലും താഴെ, ഹിറ്റ്ലറുടെ പട്ടാളം പോലും മുട്ട് മടക്കിയ റഷ്യൻ ശൈത്യം , തൽക്കാലം വെയ്റ്റിങ്ങ് റൂമിൽ തന്നെ തങ്ങുക.  നമ്മളെ കൂടാതെ വേറേയും പലരുണ്ട് , കൂട്ടുകാരൻ പ്രസാദ് സമയം കൊല്ലാൻ അടുത്ത ഫൈനാർട്ടായ വായ്നോട്ടം തുടങ്ങി.


അടുത്ത സീറ്റിൽ മംഗോളിയൻ മുഖഛായയുള്ള ഒരു സ്ത്രീയും നിർത്താതെ കരയുന്ന ഒരു വയസ്സുകാരൻ കുഞ്ഞുമുണ്ട് , കരച്ചലിനു കാരണം വിശപ്പാണെന്ന് സ്പഷ്ടം, അവരുടെ കൈയിലുള്ള ഒണക്ക ബിസ്കറ്റ് കുഞ്ഞിനു വേണ്ട, ന്യൂജെൻ KFC കുഞ്ഞായിരിക്കാം. ഭാഷയറിയാത്ത  കിർഗിസ്താൻ കാരിയാണെന്ന് തെറ്റിധരിച്ചു ഒന്നും മിണ്ടിയില്ല.


കുറച്ച് കഴിഞ്ഞപ്പോൾ സ്പഷ്ടമായ ഹിന്ദിയിൽ അവർ സംസാരിക്കാൻ തുടങ്ങി , ആള് മണിപ്പൂർക്കാരിയാണ് കെട്ടിയോൻ റഷ്യക്കാരനും, റഷ്യക്കാരികളെ കെട്ടിയ മമ്പാടുകാരടക്കം  ഇന്ത്യക്കാർ എമ്പാടുണ്ട് ആദ്യമായാണ് തിരിച്ചു കാണുന്നത്. കുഞ്ഞ് ജനിച്ചത് റഷ്യയിലാണ് നാട്ടിലേക്ക് പോകാൻ എബസിയിൽ നിന്ന് ചില കടലാസുകൾ കിട്ടണം, മൽഹോത്ര (അമ്പാസിഡർ) പ്രസാദിച്ചാലും  കൗണ്ടറിലുള്ള ചീനഭരണി പോലുള്ള ഗോസായി പ്രസാദിക്കില്ല !


കാത്തിരിപ്പ് തുടരുമ്പോഴാണ് ഒരു കൗതുകരമായ കാഴ്ച കണ്ടത് ,  ഫ്ലൈറ്റിലെ ഭക്ഷണ വിതരണത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചക്രമുള്ള ട്രേയിൽ ഭക്ഷണവുമായി ഒരു ഭടൻ പ്രവേശിക്കുന്നു , ഇവിടെ Food delivery ഉണ്ടോ എന്ന് പ്രസാദും . ഏറ്റവും അവസാനത്തെ വരിയിൽ ഇരിക്കുന്ന ഒരു ഇന്ത്യൻ സുന്ദരിക്ക് സർവ് ചെയ്തു ഭടൻ മടങ്ങി , എബസിയിലെ പ്യൂണാണ് ഭടന്റെ വേഷത്തിൽ വന്നത്.  കാര്യമെന്തെന്നറിയാതെ പലരും പിറുപിറുത്തു.. ഇവിടേയും സ്വജനപക്ഷപാതവും വി.ഐ.പി. സംസ്കാരമോ എന്ന് പ്രസാദും. 


കാത്തിരിപ്പ് നീണ്ടപ്പോൾ എമ്പസിക്കു പുറത്തുള്ള വർത്തമാന റഷ്യയയുടെ തീവ്ര മുതലാളിത്ത മുഖമായ артем ലെ KFC ലേക്ക് പോയി , തിരിച്ചു വന്നപ്പോൾ ലഞ്ച് ടൈം ആയിരുന്നു. രാവിലെ കണ്ട കാഴ്ച ആവർത്തിച്ചു ഭടൻ സുന്ദരിക്ക് ഭക്ഷണവുമായി വന്നു, ഇത്തവണ ഭക്ഷണത്തിന്റെ ഒരു പങ്ക് മണിപ്പൂരുകാരിയുടെ കുഞ്ഞുമായി പങ്കുവെച്ചിരുന്നു. എബസിയിൽ നിന്ന്‌ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ഗുട്ടൻസറിയാൻ ഞങ്ങളും അവരെ സമീപിച്ചു.


അപ്പോഴാണ് അവർ മലയാളിയാണെന്നറിഞ്ഞത് , പിന്നീട് സംഭാഷണം മലയാളത്തിലായി, ദുബായിൽ ഏതോ സ്കൂളിൽ അദ്യാപികയാണ് റഷ്യയിൽ ടൂറിസ്റ്റായി വന്നതാണത്രെ, വിസാ കാലാവധി കഴിഞ്ഞിട്ടും അവിടെ കഴിഞ്ഞപ്പോൾ റഷ്യൻ പോലീസ് ഇന്ത്യൻ എബസിക്ക് കൈമാറി. ടൂറിസ്റ്റ് ഗൈഡ് പറ്റിച്ചതാണത്രെ. ഒന്നോ രണ്ടോ ദിവസത്തെ Overstaying നു സാധാരണ ഗതിയിൽ എബസിക്ക് കൈമാറുന്ന  പതിവില്ലല്ലോ എന്നു ചോദിച്ചപ്പോൾ അവൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. അവർ     കോഴിക്കോട്ടുകാരിയാണ്, ഭർതൃമതിയാണ് , കുലസ്ത്രീ . ഭർത്താവ് നാട്ടിൽ പോയ തക്കത്തിനു stand-in കാമുകന്റെ കൂടെ റഷ്യയിലെ തണുപ്പറിയാൻ വന്നതാണ്. നിർഭാഗ്യവശാൻ കാമുകൻ ശത്രു രാജ്യത്തു നിന്നുള്ളയാളും , അറബി പോലീസല്ല റഷ്യൻ പോലീസ് രണ്ട് എമ്പസികളേയും വിവരമറിയിച്ചു. പാക്കിസ്ഥാൻകാർ കാമുകനെ കൊണ്ടുപോയി , നായികയെ ഇന്ത്യൻ എമ്പസിയും . പിന്നീട് 2 ദിവസം RAW മറ്റ് ഇന്ത്യൻ രഹസ്യ ഏജൻസികൾ അവളെ ചോദ്യം ചെയ്തു. അവസാനം ഇന്ത്യൻ ഏജന്റ്സിനു മനസ്സിലായി It was a case of love of convenience!


Now she was under Indian embassy so naturally to feed her is Embassy's responsibility, waiting for orders from New Delhi. She will be deported to Delhi and a recommendation will go to UAE to declare her persona non grata ( അനഭിമത ) .


അയൽക്കാരോട് നമ്മൾ സാധാരണക്കാർ എത്ര തന്നെ സൗഹൃദരായാലും രാഷ്ട്രീയ-അന്താരാഷ്ട്രീയ ശത്രുത, അത് ഒരു യാഥാർത്ഥ്യമാണ്, സൈനിക രംഗത്ത് സഹകരണമുള്ള റഷ്യയും ആഗ്രഹിക്കുന്നത് അതാകാം, അവരുടെ സുഖിയനും ബ്രഹ്മോവും വേറെയാരു വാങ്ങും ?

1 comment:

Eswar said...

Exemplary writing, expect even more from your pen