Sunday, June 24, 2018

Russia


ഇത് ഇവ്ഗിനിയ,  ആയുർവേദ രംഗത്തെ ആദ്യ  റഷ്യൻ- ഇംഗ്ലീഷ് പരിഭാഷക! 

റഷ്യൻ-കസാക്കി വംശജ. സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് വിധേയത്വമുള്ളവരെ മാത്രം ഇംഗ്ലീഷ് പഠിക്കാൻ അനുവദിച്ചിരുന്ന ഒരു കാലഘട്ടത്തിൽ സ്കൂൾ തലത്തിൽ തന്നെ ഇംഗ്ലീഷ് പഠിക്കാൻ അവസരം ലഭിച്ചു!

വൈറോളജിയിൽ ബിരുദധാരി.

അന്ന-വസ്ത്ര-വിദ്യാഭ്യാസ-ആരോഗ്യ-വിദ്യാഭ്യാസ രംഗത്തു മുട്ടില്ലാത്ത  സോവിയറ്റ് നാട്ടിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുമ്പോഴായിരുന്നു അന്നാട്ടിലെ ആസാദി ബ്രിഗേഡിന് മുൻപിൽ കുലംകുത്തിയായ ഗോർബച്ചേവ് അടിയറവു പറഞ്ഞത് ; പിന്നീട് സംഭവിച്ചത് വലിയ ഒരു രാജ്യത്തിൻറെ പതനം മാത്രമായിരുന്നില്ല; ഒറ്റ രാത്രികൊണ്ട് റൂബിൾ കൂപ്പുകുത്തി! ബാങ്ക് ബാലൻസുകൾക്ക് വിലയില്ലതായി! കമ്മ്യൂണിറ്റി ഫാർമിംഗ് എന്ന സർക്കാർ ഗ്യാരന്റിയുള്ള കൂട്ടുകൃഷി ഇല്ലാതായി! ഭക്ഷ്യ ക്ഷാമവും പിറകെ വന്നു; ദേശീയ പാനീയമായ വോഡ്ക പോലും കിട്ടാക്കനിയായി

അവശ്യ സേവനങ്ങളിലൊഴിച്ചുള്ള ജോലിക്കാരെ പിരിച്ചുവിട്ടപ്പോൾ വീട്ടമ്മയായി അവൾ ഒതുങ്ങി. ഭർത്താവായ അന്ദ്രേയുടെ വരുമാനത്തിൽ മാത്രം ജീവിക്കുന്ന  കാലത്തു ടെകനോളജി ട്രാൻസ്ഫർ എന്ന ഓമനപ്പേരിൽ അന്ദ്രേയുടെ  കമ്പനിയിലും വന്നു; എണ്ണയും പ്രകൃതിവാതകവും മണത്തു വരുന്ന കോര്പറേറ്റ് കഴുകന്മാർ!

ഒരു വാരാന്ത്യത്തിൽ കാനഡയിൽനിന്നു വന്ന ഡെലിഗേറ്റസിന്റെ കൂടെ ഒരു പാർട്ടിക്കുള്ള ക്ഷണം ആന്ദ്രെ  കുടുംബത്തെ തേടിവന്നു!

ഇവ്ഗിനിയ പാർട്ടിക്കു പോകാൻ ഒന്നറച്ചു, നല്ലൊരു പാർട്ടിവെയർ പോലും ഇല്ലെന്ന കാരണത്താൽ; പണ്ടെപ്പോഴോ പഠിച്ച ഇംഗ്ലീഷിന്റെ കാര്യം ഭർത്താവും ഓർമിപ്പിച്ചു;

സ്കൂളിൽ പഠിച്ചതൊക്കെ മറന്നെന്നു അവൾ!

പരമ്പരാഗതമായ റഷ്യൻ പാർട്ടികളിൽനിന്നും വ്യത്യസ്തമായിരുന്നു അത്; ഇംഗ്ലീഷ് മ്യൂസിക്, അതിഥികളെ പരിചയപ്പെടുത്താൻ പരിഭാഷകൻ, എല്ലാറ്റിനും ഉപരിയായി വിലകൂടിയ മദ്യങ്ങളും! അന്നുവരെ കേട്ടുകേൾവി മാത്രം ഉണ്ടായിരുന്ന ഫ്രാൻ‌സിൽ ഇന്ന് ഇറക്കുമതി ചെയ്ത ഷാംപൈൻ അടക്കം

രണ്ടു പെഗ് ഷാംപൈൻ അകത്തു ചെന്നപ്പോൾ അവർക്കു നാവിൽ സ്വരസ്വതി ആംഗലേയത്തിൽ വിളയാടാൻ തുടങ്ങി; പാർട്ടിക്ക് വന്ന കാനഡക്കാർ മുഴുവനും അവളുടെ ചുറ്റും വട്ടം കൂടി! അവരുടെ ഒഫീഷ്യൽ ട്രാൻസ്ലേറ്ററെ കാൽ നന്നായി ഇവ്ഗിനിയ ഇംഗ്ലീഷ് സംസാരിച്ചു!

ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന കസാക്കി സുന്ദരിയുടെ കൂടെ നൃത്തം  ചെയ്യാൻ കാനഡക്കാർ മത്സരിച്ചു!

“മദ്യപേ സൗഹൃദം ആസ്തി” എന്ന് റഷ്യൻ പഴംചൊല്ല് അന്വർഥമായി!

ഇംഗ്ലീഷിൽ പരിമിതമായ അറിവുണ്ടായിരുന്നു ആന്ദ്രയെ  കാനഡയിൽനിന്നുള്ളവർ വാതോരാതെ അഭിനന്ദിച്ചു, ഗ്രൂപ്പ് ലീഡർ ഒരുപടി കടന്നു അടുത്ത മീറ്റിംഗിൽ ഇവ്ഗിനിയയെ പരിഭാഷകയായി വെക്കാം എന്ന ഒരു ഓഫർ വെച്ചു!

 പാർട്ടിക്ക്ശേഷം അതേപ്പറ്റി ആന്ദ്രേ  കുടുംബം ഗഹനമായി ചർച്ച ചെയ്തു, ട്രാൻസ്ലേഷൻ എന്നത് ജോലി ആയി സ്വീകരിച്ചാലോ എന്ന്?


കോർപ്പറേറ്റ് താല്പര്യങ്ങൾ മാത്രം തുണയേകുന്ന ബിസിനസ് പരിഭാഷ ചെയ്യാൻ അവൾക്കു താല്പര്യം ഉണ്ടായിരുന്നില്ല, ശാസ്ത്രവുമായി സംബന്ധിക്കുന്ന വിഷയത്തിലായിരുന്നു അവൾക്കിഷം.

അധികം താമസമില്ലാതെ തരക്കേടില്ലാത്ത ഒരു ഓഫർ അവളെ തേടിയെത്തി.

1986 ൽ ഉക്രൈനിലെ ചെർണോബിൾ ദുരന്തത്തിന്റെ ദൂഷ്യവശങ്ങൾ പടിഞ്ഞാറൻ റഷ്യയെ കൂടി ബാധിച്ചിരുന്നു

കച്ചവട മനസ്ഥിതി ഇല്ലാത്ത, ഡ്രഗ് ലോബിക്ക് അടിമപ്പെടാത്ത, മുൻവിധികളില്ലാതെ, വിശാല ഹൃദയരായ റഷ്യയിലെ ആരോഗ്യവകുപ്പ് ദുരന്ത ബാധിധരുടെ പുനരധിവാസത്തിന് ലോകത്തെ പ്രധാനപ്പെട്ട ചികിത്സാ രീതികൾ പരീക്ഷിക്കാൻ തീരുമാനിച്ചു!

ശരീരത്തിലെ മാലിന്യങ്ങളെ ശോധന ചെയ്യുന്ന ആയുർവേദ പഞ്ചകര്മയും അവർ അതിൽ ഉൾപ്പെടുത്തി. പ്രശസ്തമായ കോട്ടക്കൽ ആയുർവേദ കോളേജിലെ (ആര്യവൈദ്യ ശാല അല്ല) Dr. അഗ്നിവേശും Dr.ദിലീപും പൂർവ വിദ്യാർത്ഥിയും റഷ്യയിൽ മോഡേൺ മെഡിസിൻ വിദ്യാർത്ഥിയുമായ Dr നൗഷാദ് എന്നിവരെ ആ ജോലിക്ക് നിയോഗിച്ചു!

കൂടെ ഇവ്ഗിനിയ എന്ന പരിഭാഷകയേയും.

ഫ്രഞ്ച് ഷാംപെയ്‌നിലൂടെ നുരഞ്ഞു പൊങ്ങിയ ഇംഗ്ലീഷ് അവൾക്ക് ഇന്ത്യക്കാരുടെ പൈതൃക സ്വത്തായ ആയുർവേദത്തിലേക്കുള്ള പാസ്പോര്ട്ട് ആയി മാറി!