Friday, March 25, 2022

റഷ്യൻ വോഡ്ക

 റഷ്യൻ വോഡ്ക്കക്ക് എന്താണോ ഇത്ര പ്രത്യേകത? നാട്ടിലെ കള്ളുകുടിയന്മാരായ ചങ്ങായിമാരെക്കൊണ്ട് പൊറുതിമുട്ടിയാണ് രണ്ടു ലിറ്ററെങ്കിൽ മദ്യം വാങ്ങിയത്. 5 - 6 ഉം കുപ്പികൾ നാട്ടിലേക്ക് കൊണ്ടു പോകുന്ന തെറാപ്പിസ്റ്റുകളുണ്ട്. മദ്യത്തിൻ്റെ അളവിനെക്കുറിച്ച് അവരോട് സൂചിപ്പിക്കുമ്പോൾ , ഒരെണ്ണം കൈക്കൂലി കൊടുത്താലും ബാക്കി കസ്റ്റംസ് ഏമാനന്മാരുടെ മഹാമനസ്കത കൊണ്ട് എയർപ്പോർട്ടിനു പുറത്തെത്തിക്കാം എന്ന് ഉത്തരം. നമ്മളെപ്പോലുള്ള അല്ലറ ചില്ലറ മദ്യം വാങ്ങുന്നവൻ്റെ സൂട്ട് കേസിലും ആർത്തി പണ്ടാരങ്ങളായ വെള്ളയുടുപ്പിട്ട സാത്വികന്മാർ തപ്പി നോക്കും . കൊറോണക്കാലമായതുകൊണ്ട് അവർക്കും ഡ്രൈ ഡേയ്സാണിപ്പോൾ!😢  എൻ്റെ പുത്തൻ സൂട്ട് കേസിലും ലക്ഷ്മണ രേഖ കൊണ്ട് നന്നായി കോറിയിട്ടു . ഗ്രീൻ ചാനലിലൂടെ പുറത്തേക്ക് വന്ന എന്നോട് അവസാന കടമ്പയിലെ സർദാർ പെട്ടി സ്കാനിങ്ങിനു വിധേയമാക്കണമെന്ന്  പറഞ്ഞു, മടിയിൽ കൂടുതൽ കള്ളില്ലാത്തവന് എന്തിന് സർക്കാർ കള്ളന്മാരെ പേടിക്കണം? മോണിറ്ററിൽ നാല് കുപ്പി കണ്ടപ്പോൾ യാദവനും ലാമ്പയും പുന്നെല്ല് കണ്ട എലിയെപ്പോലായി. " 

എത്ര കുപ്പിയുണ്ട് ? "  രണ്ടു കുപ്പിയേ അനുവദനീയമെന്ന് ലാമ്പ! കുപ്പിയിലല്ലല്ലോ സാറേ അളവിലല്ലേ കാര്യം എന്നു ഞാനും , എ.ലും എന്റെ സ്കാനറിൽ വലിയ കുപ്പിയാണ് കാണുന്നതെന്ന് യാദവും. നിങ്ങൾ കസ്റ്റംസ് സുലൈമാനല്ല മറിച്ച്  മൂത്രക്കല്ലിൻ്റെ വലിപ്പം സ്കാനിംഗ് കൊണ്ട് ഗണിച്ചു നോക്കുന്ന ഒരു സോണോളജിസ്റ്റാണെന്ന് ഞാനും മനസ്സിൽ പറഞ്ഞു. കുപ്പിയുടെ അളവ്‌ കണ്ടിട്ടെ ഏമാന്മാർക്ക് ബോധ്യപ്പെട്ടുള്ളൂ . പാൻഡോറാസ് ബോക്സ് തുറന്നതു പോലെയായി ഞാൻ, പെട്ടിയടക്കാൻ യാദവ് സഹായിച്ചു. പിന്നീട് റഷ്യയിലെ വിശേഷങ്ങൾ ചോദിച്ചു , പുട്ടിനേയും റഷ്യയേയും കസ്റ്റംസുകാർക്കു പോലും മതിപ്പില്ല.  ഞാൻ 'അരിവാളും" കടന്ന് പുറത്തേക്കും,  അടുത്ത ഇരയേയും നോക്കി ലാമ്പയും യാദവും ഇരിപ്പായി


No comments: